എച്ച്‌3 എന്‍2 വൈറസ്: ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച്‌ കേന്ദ്രം

  • 11/03/2023

ന്യൂഡല്‍ഹി: എച്ച്‌3 എന്‍2 വൈറസ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച്‌ കേന്ദ്രം. വൈറസ് വ്യാപനം തടയുന്നിന് ആവശ്യമായ ബോധവത്കരണം നടത്തണം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന്റേയും കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിലും കേന്ദ്രം ആശങ്ക രേഖപ്പെടുത്തി. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം തീരെ കുറവാണെങ്കിലും ജാഗ്രത കൈവിടരുത്. ടെസ്റ്റ്- ട്രാക്ക്- ചികിത്സ- വാക്‌സിനേഷന്‍- കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കല്‍ എന്നിവയെ ഗൗരവത്തോടെ കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.

Related News