വിഷക്കായ ഭക്ഷിച്ചു; വിഷബാധയേറ്റ കുട്ടികൾ ചികിത്സയിൽ

  • 11/03/2023

ഷിംല: വിഷക്കായ ഭക്ഷിച്ച്‌ അവശനിലയിലായതിനെ തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ഉനയില്‍ പന്ത്രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഛര്‍ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികള്‍ ആശുപത്രിയിലെത്തിയത്.


ലാല്‍സിംഘി ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള്‍ വെള്ളിയാഴ്ച ജോലിയ്ക്ക് പോയ സമയത്ത് കുട്ടികള്‍ തൊട്ടടുത്ത വനത്തില്‍ നിന്ന് വിഷക്കായകള്‍ കഴിക്കുകയായിരുന്നു. മൂന്ന് മുതല്‍ ഒമ്ബത് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വിഷബാധയേറ്റതെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഗുരുതരാവസ്ഥയിലായിരുന്നെന്നും സമയോചിതമായ ചികിത്സയിലൂടെ എല്ലാ കുട്ടികളും അപകടനില തരണംചെയ്തെന്നും ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ ഡോക്ടര്‍ വികാസ് ചൗഹാന്‍ പ്രതികരിച്ചു. സംഭവത്തില്‍ ഉന പോലീസ് അന്വേഷണം ആരംഭിച്ചു.

Related News