ബെംഗളൂരു-മൈസൂരു അതിവേഗപാത പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

  • 12/03/2023

ബെംഗളൂരു-മൈസൂരു അതിവേഗപാത പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലെ ഗതാഗതം അതിവേഗത്തിലാകും. ഇരുനഗരങ്ങളുടെയും വികസനത്തിനും ഇക്കാര്യം ഗുണംചെയ്യും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിനും മൈസൂരുവിനുമിടയില്‍ അതിവേഗത്തിലുള്ള യാത്ര സാധ്യമാക്കാനുള്ള റോഡ് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനുകൂടിയാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കൂടാതെ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള മലയാളി യാത്രക്കാര്‍ക്കും പ്രയോജനകരമാകും.


പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വീസ് റോഡുകളും ഉള്‍പ്പെടെയാണ് 10 വരിപ്പാത. മധ്യത്തിലുള്ള ആറുവരിപ്പാതയിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ കുതിക്കാം. ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണ, മദ്ദൂര്‍ എന്നീ ആറിടങ്ങളില്‍ ബൈപ്പാസുകളുള്ളതിനാല്‍ ടൗണുകളിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങില്ല. അതേസമയം, അതിവേഗപാതയില്‍ ഇരുചക്രവാഹനങ്ങളെയും മൂന്നുചക്രവാഹനങ്ങളെയും സഞ്ചരിക്കാന്‍ അനുവദിക്കുന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇത്തരം വാഹനങ്ങള്‍ക്ക് പാതയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കേണ്ടെന്നാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനമെങ്കിലും ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. സുരക്ഷാകാരണങ്ങളാലാണ് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുചക്രവാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മലയാളി യാത്രികര്‍ക്ക് അതിവേഗപാത ഏറെ ഗുണകരമാണ്.

Related News