ബ്രഹ്‌മപുരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി

  • 14/03/2023

ദില്ലി: ബ്രഹ്‌മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി. ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ സഹായം അനിവാര്യമെന്നും ഹൈബി ഈഡൻ എംപി നോട്ടീസിൽ വ്യക്തമാക്കുന്നു. 

12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂർണമായി ശമിപ്പിച്ചെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടർന്ന് ഭാവിയിൽ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ അവലോകനം ചെയ്യാൻ കളക്ടർ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയർ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങൾ ക്യാംപ് ചെയ്യുന്നുണ്ട്. 

ഫയർ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോർപ്പറേഷൻ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, എൽഎൻജി ടെർമിനൽ, ബിപിസിഎൽ, ആരോഗ്യം, എക്‌സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്മോൾഡറിംഗ് ഫയർ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ വരെ നിതാന്ത ജാഗ്രത തുടരും.

Related News