ഇന്ത്യയിലെ ആദ്യത്തെ ബിരിയാണി വെന്‍ഡിങ് മെഷീന്‍; മിനിറ്റുകൾക്കുള്ളിൽ ബിരിയാണി റെഡി

  • 14/03/2023

ബിരിയാണി ഇഷ്ടമില്ലാത്തവര്‍ പൊതുവേ കുറവാണ്. എന്നാല്‍ ആഗ്രഹിക്കുമ്ബോള്‍ അത്ര വേഗത്തില്‍ ബിരിയാണി കിട്ടിയെന്ന് വരില്ല. വീട്ടിലുണ്ടാക്കാമെന്ന വിചാരിച്ചാല്‍ അത്ര എളുപ്പമുള്ള പണിയല്ല താനും. എന്നാല്‍ ബിരിയാണി കിട്ടുന്ന എ.ടി.എം. ഉണ്ടെങ്കിലോ ? കേട്ടിട്ട് ആശ്ചര്യപ്പെടണ്ട. ചെന്നൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ബിരിയാണി വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.


ബിരിയാണി ആവശ്യമുള്ളവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ഇതില്‍ നിന്നും ബിരിയാണി ഓര്‍ഡര്‍ ചെയ്തു കൊണ്ടുപോകാന്‍ സാധിക്കും. ചൈന്നൈ ആസ്ഥാനമായ 'ഭായ് വീട്ടു കല്യാണം' എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ഓട്ടോമേറ്റഡ് മെഷീന്‍ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിലെ കൊളത്തൂരിലാണ് ഈ പ്രീമിയം വെഡിംങ് സ്റ്റൈല്‍ ബി.വി.കെ ബിരിയാണി ലഭിക്കുന്നത്.

വളരെ വേഗത്തിലാണ് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ മെഷീനിലൂടെ മനോഹരമായി പായ്ക്ക് ചെയ്ത ബിരിയാണി ലഭിക്കുന്നത്. മെഷീനിന്റെ സ്‌ക്രീനില്‍ ലഭ്യമായ ബിരിയാണികളുടെ മെനു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിരിയാണിയുടെ എണ്ണം, പേര് , ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയശേഷം ക്യൂ ആര്‍ കോഡ് വഴിയോ കാര്‍ഡ് വഴിയോ പണമടയ്ക്കാം.

പണമടയ്ക്കല്‍ പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബിരിയാണി പാകമാകുന്നതിനുള്ള സമയം സ്‌ക്രീനില്‍ കാണിക്കും. ശേഷം എ.ടി.എമ്മില്‍ പണം വരുന്നത് പോലെ തന്നെ മെഷീനിന്റെ താഴെയുള്ള ഭാഗം തുറക്കാം. അവിടെ നിന്നും മനോഹരമായി പായ്ക്ക് ചെയ്ത ബിരിയാണി കൈപ്പറ്റാം.

ഫുഡ് വേട്ടൈ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ബിരിയാണി എ.ടി.എമ്മിന്റെ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. വളരെ വേഗത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു.

Related News