ബഫർ സോൺ: കേരളം ഉൾപ്പെടെ നൽകിയ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

  • 14/03/2023

ബഫർ സോൺ വിഷയത്തിൽ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് മുതൽ കേസുകൾ പരിഗണിക്കും. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനവാസമേഖലയിൽ ഇളവുകൾ നൽകുന്നതടക്കമുള്ള അപേക്ഷകൾ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കി സുപ്രിം കോടതി കഴിഞ്ഞവർഷം ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാരിന്റെ അപേക്ഷ.

ബഫർ സോൺ ദൂപരിധിയിൽ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 23 സംരക്ഷിത മേഖലകൾക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്ഥലലഭ്യത കുറവായതിനാൽ പരിസ്ഥിതിലോലമേഖല എന്ന പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ബഫർ സോൺ വിഷയത്തിൽ സുപ്രിം കോടതി വിധിയിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂൺ മൂന്നിന് ഉത്തരവ് പുറപ്പെടുവിച്ചത് രണ്ടംഗ ബെഞ്ച് ആയതിനാലാണ് അപേക്ഷകൾ ഇന്ന് മുതൽ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.

Related News