ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി നടത്തി; മനീഷ് സിസോദിയയ്‌ക്കെതിരെ പുതിയ കേസ്

  • 16/03/2023

ന്യൂഡല്‍ഹി: ജയിലിലായ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസ്‌. സിസോദിയ്‌ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ബി.ഐയ്ക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


2015-ലാണ് ആം ആദ്മി സര്‍ക്കാര്‍ അഴിമതി തടയല്‍ ലക്ഷ്യമിട്ട് ഫീഡ്ബാക്ക് യൂണിറ്റ് ആരംഭിക്കുന്നത്. ഫീഡ്ബാക്ക് യൂണിറ്റിന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് സിസോദിയയ്‌ക്കെതിരെ നടപടി. രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സി.ബി.ഐ. പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫീഡ്ബാക്ക് യൂണിറ്റുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലായിരുന്നുവെന്നും ആം ആദ്മി പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടത്തിനുള്ള വിവരങ്ങള്‍ ചോര്‍ത്തുന്ന രഹസ്യാന്വേഷണ വിഭാഗമായാണ് ഫീഡ്ബാക്ക് യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നും സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിസോദിയ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെയാണ് കേസ്.

Related News