സ്വർണക്കടത്ത് കേസിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി; വിജേഷ് പിള്ള ഇന്ന് ഹാജരായേക്കും

  • 16/03/2023

സ്വർണക്കടത്ത് കേസിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ള ഇന്ന് ഹാജരായേക്കും. ബെംഗളൂരുവിലെ കെആർ പുര പൊലീസ് സ്റ്റേഷനിലാണ് ഹാജരാവുക. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിയ്ക്കാൻ ഭീഷണിപ്പെടുത്തിയെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്നയുടെ പരാതി. ഇന്നലെ കേസന്വേഷിയ്ക്കുന്ന ഡിസിപി എസ് ഗിരീഷിന്റെ നേതൃത്വത്തിൽ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. 

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ് അറിയിച്ചിരുന്നു. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സ്വപ്ന സുരേഷിന്റെ പ്രതികരണം. കേരളം മുഴുവനുമുള്ള പൊലിസ് സ്റ്റേഷനുകളിൽ കേസുകളെടുത്താലും മുന്നോട്ട് പോകുമെന്ന് സ്വപ്ന വ്യക്തമാക്കി.

വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനിൽ വച്ച് സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. വൈറ്റ് ഫീൽഡ് ഡിസിപി എസ് ഗിരീഷിന്റെ നേതൃത്വത്തിലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. വിജേഷ് പിള്ളയെ ഫോണിൽ ലഭിയ്ക്കുന്നില്ലെന്നും ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ്, വാട്‌സ് അപ്പിൽ അയച്ചതിന് മറുപടി ലഭിച്ചിട്ടില്ലെന്നും കെആർ പുര പൊലിസ് ഇന്നലെ പറഞ്ഞിരുന്നു. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ വിജേഷ് പിള്ളയെ കണ്ടെത്താനാകും ബംഗലൂരു പൊലിസിന്റെ അടുത്ത നീക്കം.

Related News