മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി

  • 17/03/2023

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനായി ഒരാഴ്ച കൂടി സമയം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡി കാലാവധി അഞ്ചു ദിവസംകൂടി നീട്ടി നല്‍കിയത്.


ഇ.ഡി. പ്രതിദിനം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാത്രമാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നും കൂടുതല്‍ കാലം ജയിലില്‍ അടയ്‌ക്കേണ്ടതില്ലെന്നും മനീഷ് സിസോദിയ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ. എല്ലാ ദിവസവും ഒരേ ചോദ്യമാണ് ചോദിക്കുന്നതെന്ന് മനീഷ് സിസോദിയ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സി.ബി.ഐ.യോട് കോടതി ഉത്തരവിട്ടു.

ഇ.ഡി. ഏഴു ദിവസംകൂടി ആവശ്യപ്പെട്ടതോടെ മറുവാദവുമായി സിസോദിയയും രംഗത്തെത്തി. കിട്ടിയ ദിവസം അവര്‍ എന്താണ് ചെയ്തതെന്ന് സിസോദിയ ചോദിച്ചു. ഈ കേസ് ഏഴു മാസം അന്വേഷിച്ചു കഴിഞ്ഞാലും ഇനിയും കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്നേ ഇ.ഡി. പറയൂ. അവര്‍ക്ക് കിട്ടിയതെന്താണെന്ന് വെളിപ്പെടുത്തണം-സിസോദിയ പറഞ്ഞു.

Related News