കശ്മീർ തീവ്രവാദ റിക്രൂട്ട്മെൻറ് കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 12 -ാം പ്രതി സുപ്രീംകോടതിയിൽ

  • 18/03/2023

ദില്ലി: കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി സുപ്രീം കോടതിയിൽ. കേസിലെ പന്ത്രണ്ടാം പ്രതിയായ കളമശേരി സ്വദേശി ഫിറോസാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. തീവ്രവാദ റിക്രൂട്ട്‌മെൻറിൽ തനിക്ക് പങ്കില്ലെന്നാണ് ഫിറോസ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. ഇതിൻറെ ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. വ്യക്തമായ തെളിവില്ലാതെയാണ് തന്നെ പ്രതി ചേർത്തതെന്നും ഫിറോസ് ഹർജിയിൽ ആരോപിക്കുന്നു.

കേസിൽ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മൂന്ന് പേരെ വെറുതെ വിട്ടിരുന്നു. അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് ഹർജിക്കാരാനായി അപ്പീൽ ഫയൽ ചെയ്തത്. തടയൻറെവിട നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008 ൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നായിരുന്നു കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ അതിർത്തിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇവർ മലയാളികളായിരുന്നു. കേസിലെ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. മറ്റുള്ള 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

2013 ൽ കേസിലെ മുഖ്യപ്രതി അബ്ദുൽ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് കൊച്ചിയിലെ എൻ ഐ എ വിചാരണ കോടതി വിധിച്ചത്. സാബിർ പി ബുഹാരി, സർഫറാസ് നവാസ് എന്നിവർക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയൻറെവിട നസീർ ഉൾപ്പെടെ ശേഷിക്കുന്ന 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

Related News