രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി; രാഷ്ട്രീയ വിരോധം തീര്‍ക്കലെന്ന് കോണ്‍ഗ്രസ്

  • 19/03/2023

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലെന്ന് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ്, ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. ജോഡോ യാത്രയ്ക്കിടെ ലക്ഷക്കണക്കിന് പേരെയാണ് രാഹുല്‍ കണ്ടത്. ആ വ്യക്തികളുടെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.


പൊലീസിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതാണ്. ഇപ്പോഴുണ്ടായ നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരി്രതത്തില്‍ ആദ്യമായാണ് ഇത്തരം നടപടിയെന്നും മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

അദാനി - മോദി ബന്ധം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗമാണ് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ജനുവരി 30 ന് നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ 45 ദിവസങ്ങള്‍ക്ക് ശേഷമാണ് തേടുന്നത്. പാര്‍ലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളിലുള്ള പ്രതികാര നടപടിയാണിതെന്ന് വ്യക്തമാണെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Related News