ഡൽഹി പൊലീസിന്റെ നോട്ടീസിന് പത്ത് ദിവസത്തിനുള്ളിൽ മറുപടി; രാഹുൽ ഗാന്ധി

  • 19/03/2023

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക തിക്രമങ്ങളെ കുറിച്ചുള്ള തന്റെ പ്രസ്താവനയ്ക്കെതിരായ നോട്ടീസിന് മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഡൽഹി പൊലീസിന്റെ നോട്ടീസിനാണ് രാഹുൽ ഗാന്ധിയുടെ മറുപടി. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ സ്ത്രീകൾ ഇപ്പോഴും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന പ്രസ്താവന നടത്തിയത്. നാല് പേജുള്ള പ്രാഥമിക മറുപടിയാണ് രാഹുൽ അയച്ചത്. ജനുവരി 30ന് ജോഡോ യാത്രയിൽ നടത്തിയ തന്റെ പരാമർശങ്ങളെക്കുറിച്ച് ഡൽഹി പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകാൻ രാഹുൽ ഗാന്ധി 10 ദിവസം വരെ സമയം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടെന്നും, അവർ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറിൽവച്ച് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ് ഇരകൾക്ക് നീതി ഉറപ്പാക്കാനാണ് എത്തിയതെന്നാണ് സ്പെഷൽ പൊലീസ് കമ്മിഷണർ സാഗർ പ്രീത് ഹൂഡ അറിയിച്ചത്.

പത്ത് പോയിന്റുകൾ ചൂണ്ടിക്കാണിക്കുന്ന രാഹുൽ ഗാന്ധിയുടെ മറുപടിയിൽ ഡൽഹി പൊലീസിന്റെ നടപടിയെ അഭൂതപൂർവ്വമെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. പ്രാഥമിക മറുപടി ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന വിവരങ്ങളൊന്നും രാഹുൽ ഗാന്ധി പങ്കുവച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Related News