ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി

  • 20/03/2023

ദേവികുളം എംഎൽഎ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാർ നൽകിയ ഹർജി പരിഗണിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വർഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് നോമിനേഷൻ നൽകിയ ഘട്ടത്തിൽ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.

എ രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഹൈക്കോടതി നിലവിൽ പരിഗണിച്ചിട്ടില്ല.

2021ൽ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഫട്ടത്തിൽ തന്നെ എ രാജയുടെ ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എ രാജ സമർപ്പിച്ചത് വ്യാജ ജാതിസർട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീർഘകാലം എംഎൽഎയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഐഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.

Related News