ഡൽഹി മദ്യനയ അഴിമതി കേസ്; കെ കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

  • 20/03/2023

ഡൽഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റുണ്ടായാൽ ശക്തമായി പ്രതിഷേധിക്കാൻ ആണ് ബിആർഎസിന്റെ തീരുമാനം. പാർട്ടിയുടെ 7 മന്ത്രിമാർ അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കെ കവിതയെ 10 മണിക്കൂറിൽ ഏറെയാണ്, കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തത്. വൈകീട്ട് 6 മണിക്ക് ശേഷവും തന്നെ ഇ.ഡി ഓഫീസിൽ ഇരുത്തി ചോദ്യം ചെയ്തതിനെതിരെ കവിത സമർപ്പിച്ച ഹർജി സുപ്രിം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഇത്തവണ ചോദ്യം ചെയ്യൽ കഴിഞ്ഞ തവണത്തേക്കാൾ നീണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ച കവിതയോട് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, തന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത് ചൂണ്ടിക്കട്ടി കവിത ഹാജരായിരുന്നില്ല. കവിതയുടെ ബിനാമി എന്ന് ഇഡി ആരോപിക്കുന്ന, അരുൺ രാമചന്ദ്ര പിള്ള, മുൻ ചാർട്ടേഡ് അകൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ല എന്നിവർക്ക് ഒപ്പം ഇരുത്തി കവിതയെ ഇന്നും ചോദ്യം ചെയ്യും. കവിത നൽകിയ പല മറുപടികൾക്കും വ്യക്തത ഇല്ലെന്നും ഇ.ഡി കേന്ദ്രങ്ങൾ പറഞ്ഞു.

തുടർച്ചയായി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനാൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമോ എന്നാ ആശങ്ക ബിആർഎസ് നേതൃത്വത്തിന് ഉണ്ട്. ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയില്ലെന്ന് ബിആർഎസിന് നിയമപദേശം ലഭിച്ചിരുന്നു. അടുത്ത വെള്ളിയാഴ്ചയാണ് കവിതയുടെ ഹർജി സുപ്രിം കോടതി പരിഗണിക്കുന്നത്. അറസ്റ്റ് ഉണ്ടായാൽ ശക്തമായി പ്രതിഷേധിക്കാനാണ് കെ ചന്ദ്ര ശേഖര റാവുവിന്റെ ആഹ്വാനം. കവിതയുടെ സഹോദരൻ കെ ടി രാമ റാവു അടക്കം ബിആർഎസിന്റെ 7 മന്ത്രിമാരും ഉന്നത നേതാക്കളും കവിതയോടൊപ്പം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിട്ടുണ്ട്.

Related News