ഇ.എം.എസ്ആണ് ആദ്യമായി നടുത്തളത്തിലുള്ള സമരത്തിന് തുടക്കം കുറിച്ചത്: മന്ത്രിമാരെ തിരുത്തി വി ഡി സതീശൻ

  • 21/03/2023

തിരുവനന്തപുരം: സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം നടത്തിയതിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷത്തെ അവഹേളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇ.എം.എസ്. നമ്ബൂതിരിപ്പാടാണ് ആദ്യമായി നടുത്തളത്തിലുള്ള സമരത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നടുത്തളത്തില്‍ സത്യാഗ്രഹം നടക്കുന്നതെന്നാണ് ഒരു മന്ത്രി ക്രമപ്രശ്നം ഉന്നയിച്ചത്. സ്പീക്കറും അതിന് പിന്തുണ നല്‍കി. നടുത്തളത്തില്‍ സത്യാഗ്രഹം നടത്തിയ പ്രതിപക്ഷ നേതാവ് ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെങ്കില്‍ എനിക്ക് രണ്ട് മുന്‍ഗാമികള്‍ കൂടിയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇ.എം. ശങ്കരന്‍ നമ്ബൂതിരിപ്പാട് പ്രതിപക്ഷ നേതാവായിരുന്ന 1974 ഒക്ടോബര്‍ 21-നാണ് നടുത്തളത്തില്‍ ആദ്യമായി സത്യാഗ്രഹമുണ്ടായത്.


അതിന് ശേഷം 1975 ഫെബ്രുവരി 25-ന് ഇ.എം.എസിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിപക്ഷാംഗങ്ങള്‍ രാത്രിമുഴുവന്‍ സഭയുടെ നടുത്തളത്തില്‍ ഇരുന്നു. 2011-ല്‍ വി.എസ് അച്യുതാനന്ദന്റെ കാലത്തും സഭയുടെ നടുത്തളത്തില്‍ ഇരുന്നിട്ടുണ്ട്. മന്ത്രിമാരും സ്പീക്കറും സഭാചരിത്രം ഇടയ്ക്കൊന്നു മറിച്ച്‌ നോക്കണം. അവരുടെ ഏറ്റവും വലിയ നേതാവ് ഇ.എം.എസാണ് അദ്യമായി നടുത്തളത്തിലുള്ള സമരത്തിന് തുടക്കം കുറിച്ചത്. എന്നിട്ടാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ് ഏറ്റവും മോശമെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് - അദ്ദേഹം കുറ്റപ്പെടുത്തി.

ഒരുകാരണവശാലും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തില്ലെന്ന സര്‍ക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല. തര്‍ക്കമുണ്ടായാല്‍ സ്പീക്കര്‍ മുന്‍കയ്യെടുത്ത് പറഞ്ഞുതീര്‍ക്കുന്ന പാരമ്ബര്യമാണ് കേരള നിയമസഭയ്ക്കുള്ളത്. പ്രതിപക്ഷവുമായി സംസാരിക്കില്ലെന്നും സഭയില്‍ എന്ത് നടക്കണമെന്ന് ഞാന്‍ തീരുമാനിക്കുമെന്നും ധിക്കാരത്തോടെ ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍ അതിന് തലകുനിച്ച്‌ കൊടുക്കാന്‍ പ്രതിപക്ഷം തയാറല്ല. പ്രതിപക്ഷത്തിന്റെ ഒരു അവകാശങ്ങളും പിടിച്ചുപറിക്കാന്‍ അനുവദിക്കില്ല. ധിക്കാരത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയത്.

Related News