മിഷൻ അരിക്കൊമ്പൻ; ചിന്നക്കനാലിലും ശാന്തൻപാറയിലും നിരോധനാജ്ഞ പ്രഖ്യാപിക്കും

  • 21/03/2023

ഇടുക്കിയിൽ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. ശാന്തൻപാറ പഞ്ചായത്തിലും ചിന്നക്കനാലിലുമാണ് നിരോധനാജ്ഞ. മിഷൻ അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാഗയമായി ആളുകൾ കൂട്ടം കൂടാതിരിക്കാൻ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 301 കോളനിയിൽ നിന്ന് ആളുകളെ മാറ്റുന്നതിൽ തീരുമാനം നാളെയുണ്ടാകും.

71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷൻ അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രിൽ നടത്തും. പുലർച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യ സംഘത്തിന്റെ ഭാഗമാകുന്ന കുങ്കിയാന സൂര്യനെ മുത്തങ്ങയിൽ നിന്ന് ഇടുക്കിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 

ആർആർടി റേഞ്ചർ രൂപേഷ് അടക്കമുള്ള ആർആർടി സംഘവും വെറ്റിനറി സർജൻ ഡോ. അജേഷും അടങ്ങുന്ന സംഘവും ഇന്ന് വയനാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് തിരിച്ചു. മുൻപും പല ഓപ്പറേഷനുകളുടെയും ഭാഗമായ കുങ്കിയാനയാണ് സൂര്യൻ. കഴിഞ്ഞ ദിവസം വിക്രം എന്ന് പേരുള്ള കുങ്കിയേ ഇടുക്കിയിൽ എത്തിച്ചിരുന്നു. സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെ അടുത്ത ദിവസങ്ങളിൽ ഇടുക്കിയിലെത്തിക്കും.

Related News