റോഡപകടത്തിൽ മുത്തച്ഛൻ മരിച്ചു, സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം ചെയ്ത് യുവതി

  • 22/03/2023

റോഡപകടത്തിൽ മരിച്ച തന്റെ മുത്തച്ഛന്റെ ഓർമ്മയ്ക്കായി സൈക്കിൾ യാത്രികൾക്ക് സൗജന്യ ലൈറ്റ് വിതരണം ചെയ്ത് യുവതി. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിനിയായ ഖുഷി എന്ന യുവതിയാണ് സൈക്കിൾ യാത്രികരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനായി റെഡ് ലൈറ്റ് വിതരണം ചെയ്യുന്നത്. 2020 ലാണ് ഖുഷിയുടെ മുത്തച്ഛൻ സൈക്കളിൽ യാത്രചെയ്തുകൊണ്ടിരിക്കെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ച് മരണമടഞ്ഞത്. രാത്രി ആയിരുന്നതിനാൽ കാർ ഡ്രൈവർ അദ്ദേഹത്തെ കാണാതെ പോയതാണ് അപകടത്തിന് കാരണമായാത്. 

ഈ സംഭവത്തിന് ശേഷമാണ് ഖുഷി സൈക്കിൾ യാത്രികർക്കായി സൗജന്യ റെഡ് ലൈറ്റുകൾ വിതരണം ചെയ്ത് തുടങ്ങിയത്. ഇതുവരെ ഏകദേശം 1500 സൈക്കിളുകളിൽ ഖുഷി റെഡ് ലൈറ്റ് പിടിപ്പിച്ച് നൽകി. തന്നെപ്പോലെ മറ്റാർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെടാതിരിക്കാനാണ് താൻ ഇത്തരത്തിൽ ഒരു കാര്യം ചെയ്യുന്നത് എന്നാണ് ഖുഷി പറയുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ്  ട്വിറ്ററിലൂടെ ഖുഷിയുടെ ഈ പ്രചോദനാത്മക ജീവിതം പങ്കുവെച്ചത്. അദ്ദേഹം തന്റെ പോസ്റ്റിൽ തെരുവിൽ പ്ലക്കാർഡുമായി നിന്ന് സൈക്കിൾ യാത്രികർക്ക് റെഡ് ലൈറ്റ് പിടിപ്പിച്ച് നൽകുന്ന ഖുഷിയുടെ വീഡിയോയും ചേർത്തിട്ടുണ്ട്. സൈക്കിൾ ഓടിച്ചു വരുന്നവരെ കൈകാണിച്ച് നിർത്തിയാണ് ഓരോ സൈക്കിളിന്റെയും മുൻപിലും പുറകിലും ഖുഷി റെഡ് ലൈറ്റുകൾ പിടിപ്പിച്ച് നൽകുന്നത്. 

പലരും പെൺകുട്ടിയെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണാം. ഓരോ സൈക്കിളും റെഡ് ലൈറ്റുകൾ തെളിച്ച് മുന്നോട്ട് പോകുന്നത് ഏറെ സന്തോഷത്തോടെയാണ് വീഡിയോയിൽ ഖുഷി കണ്ട് നിൽക്കുന്നത്. ഖുഷിയുടെ നല്ല മനസ്സിന്റെ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ട് തീർത്തത്. ഇങ്ങനെയും നല്ല മനസ്സുള്ളവർ നമുക്ക് ചുറ്റും ഉണ്ട് എന്നത് സന്തോഷം നൽകുന്നു എന്നാണ് വീഡിയോ കണ്ട പലരും കുറിച്ചത്.

Related News