രാഹുലിൻറെ ലണ്ടൻ പ്രസംഗം: ഇന്നും പാർലമെന്റിൽ ഏറ്റുമുട്ടൽ തുടരും

  • 22/03/2023

പാർലമെന്റിന്റെ ഇരുസഭകളിലും ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ ഇന്നും തുടരും. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ചുവട് പിടിച്ചായിരിക്കും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും പാർലമെന്റ് അരങ്ങേറുക. ലണ്ടനിൽ നടത്തിയ പരാമർശത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണം എന്ന് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകിയിരുന്നു. 

എന്നാൽ, മാപ്പ് പറഞ്ഞാൽ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ സംസാരിക്കാൻ അനുവദിക്കാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി. രാഹുൽ മാപ്പു പറയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധിക്കെതിരെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് നടത്തിയ പരമർശത്തിൽ ചട്ടലംഘനം ആരോപിച്ചു കോണ്ഗ്രസ് നോട്ടീസ് നൽകിയിട്ടുണ്ട്. 

ധനാഭ്യർഥന ഗില്ലറ്റിൻ ചെയ്ത് ധനബില്ല് ചർച്ചയില്ലാതെ പാസാക്കി ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. അതിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യാൻ എൻസിപി തലവൻ ശരത് പവാർ വിളിച്ച യോഗം വൈകിട്ട് ഡൽഹിയിൽ ചേരും. ശരദ് പവാറിന്റെ വസതിയിൽ നടക്കുന്ന യോഗത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ കക്ഷി നേതാക്കൾക്കാണ് ക്ഷണം.

Related News