മാധ്യമ പ്രവർത്തക സംരക്ഷണ ബിൽ പാസാക്കി ഛത്തീസ്ഗഢ് നിയമസഭ

  • 22/03/2023

മാധ്യമ പ്രവർത്തക സംരക്ഷണ ബിൽ പാസാക്കി ഛത്തീസ്ഗഢ് നിയമസഭ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആണ് ബിൽ അവതരിപ്പിച്ചത്. മാധ്യമ പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കാനും അക്രമങ്ങൾ തടയാനുമാണ് ബില്ലെന്ന് ഭൂപേഷ് ഭാഗേൽ വ്യക്തമാക്കി. 

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് സഭയിൽ പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന ബിജെപി ആവശ്യമുയർത്തിയിരുന്നു. എന്നാൽ ഈ ആവശ്യം തളളപ്പെടുകയായിരുന്നു. 2018 ൽ കോൺഗ്രസിന്റെ പ്രകടനപത്രിക മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്ന ബിൽ വാഗ്ദാനം ചെയ്തിരുന്നു. മാധ്യമപ്രവർത്തകർക്ക് എതിരായ ആക്രമണം തടയുന്നതിനും മാധ്യമ സ്ഥാപനങ്ങളുടെ സ്വത്തുക്കൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതുമാണ് ബിൽ.

മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ബിൽ കൊണ്ടുവന്നതെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. ഇങ്ങനെയൊരു നിയമനിർമാണത്തിനായി സുപ്രിംകോടതി ജസ്റ്റിസ് അഫ്താബ് അലാമിന്റെ നേതൃത്വത്തിൽ 2019ൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. വിവിധ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടെ പരിഗണിച്ച് കൂടിയാണ് ബിൽ തയാറാക്കിയിരിക്കുന്നത്. ഇത് സുവർണലിപികളിൽ എഴുതി വയ്ക്കേണ്ട ഒരു ചരിത്രമുഹൂർത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News