അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താ സമ്മേളനം ഇന്ന്

  • 24/03/2023

പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ വാർത്താ സമ്മേളനം ഇന്ന്. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാർത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോൺഗ്രസ്. 'സേവ് ഡെമോക്രസി' മൂവ്മെന്റിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുൾപ്പെടെ ചേർന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്.

രാഹുൽ ഗാന്ധിക്ക് അനുകൂലമായി മറ്റ് പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസ്താവനകളെ കോൺഗ്രസ് സ്വാഗതം ചെയ്തു. ബിജെപിക്കെതിരെ ചിട്ടയായ പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ നേതാക്കളായ മമതാ ബാനർജി, അരവിന്ദ് കേജ്രിവാൾ, എംകെ സ്റ്റാലിൻ, ഉദ്ധവ് താക്കറെ, കെസിആർ, അകിലേഖ് യാദവ് തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.

Related News