ജയിലിലടച്ചാലും നിശബ്ദനാക്കാൻ കഴിയില്ല ; മോദി -അദാനി ബന്ധം കൂടുതൽ ചോദ്യം ചെയ്യുമെന്ന് രാഹുൽ ​ഗാന്ധി

  • 25/03/2023



അയോ​ഗ്യത കൽപ്പിച്ചാലും ജയിലിലടച്ചാലും അത് തന്നെ ബാധിക്കില്ലെന്ന് രാഹുൽ ​ഗാന്ധി. മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ ബന്ധം ഇനിയും  കൂടുതൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം തുറന്നടിച്ചു.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ ഇപ്പോൾ ഭയം കാണാൻ കഴിയുന്നുണ്ടെന്നും എന്നാൽ താൻ ഒന്നിനോടും ഭയപ്പെടുന്നവനല്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ‘ കുറച്ച് ആഴ്ചകൾക്ക് മുൻപ് പാർലമെന്റിൽ പ്രധാനമന്ത്രിയോട് ഞാൻ കുറച്ച് കാര്യങ്ങൾ ചോദിച്ചിരുന്നു. അദാനിയുടെ പേരിലുള്ള ഷെൽ കമ്പനിയിൽ 20,000 കോടി രൂപയാണ് ഉള്ളത്. അദാനിക്ക് ഇത്രയധികം പണം സ്വരൂപിക്കാൻ കഴിയില്ല. അദാനിക്ക് എനിടെ നിന്നാണ് ഈ പണം ലഭിച്ചത്. ഇതിന് പിന്നിൽ ഒരു ചൈനീസ് പൗരനുണ്ട്. ആരാണ് ഇയാൾ ? മോദിക്ക് അദാനിയുമായി എന്താണ് ബന്ധം. പ്രധാനമന്ത്രിയും അദാനിയും ഫ്‌ളൈറ്റിലിരിക്കുന്ന ചിത്രം ഞാൻ കാണിച്ചുകൊണ്ടാണ് ചോദിച്ചത്. ഈ തെളിവുകൾ ഞാൻ ടേബിളിൽ വച്ചു. ഇതിന് തൊട്ടുപിന്നാലെ ബിജെപി അവരുടെ പണി തുടങ്ങി. ഇക്കാര്യം സ്പീക്കർക്ക് വിശദമായി എഴുതി നൽകിയതാണ്. പ്രതിരോധ രംഗത്തെ കുറിച്ചും, വിമാനത്താവളങ്ങളെ കുറിച്ചുമെല്ലാം അക്കമിട്ട് നിരത്തി സ്പീക്കർക്ക് കത്ത് നൽകിയതാണ്. ഇതിനെല്ലാമുള്ള തെളിവുകളും സമർപ്പിച്ചിരുന്നു. പക്ഷേ ഈ കത്തിന് മറുപടിയൊന്നും ലഭിച്ചില്ല’- രാഹുൽ ഗാന്ധി പറഞ്ഞു.

അദാനിയും മോദിയും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള ബന്ധമാണ് അത്.  അദാനിയുടെ സത്യം ഒരിക്കൽ പുറത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു. താൻ സംസാരിക്കുന്നത് രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയാണെന്നും  ഇനിയും അത് തന്നെ തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Related News