കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ സി ബി ഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

  • 25/03/2023

ഗാന്ധിനഗര്‍: കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ സി ബി ഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലാണ് സംഭവം. രാജ്‌കോട്ടിലെ ജോയിന്റ് ഡയറക്ടര്‍ ഒഫ് ഫോറിന്‍ ട്രേഡ് ജാവ്‌രി മാല്‍ ബിഷ്‌ണോയ് ആണ് ജീവനൊടുക്കിയത്. കൈക്കൂലി കേസില്‍ സി ബി ഐ ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ സി ബി ഐ ഓഫീസിന്റെ നാലാം നിലയില്‍നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.


50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ലഭിക്കുന്നതിനായുള്ള എന്‍ ഒ സി കിട്ടുന്നതിനായി രാജ്‌കോട്ടിലെ ഓഫീസ് ഒഫ് ഡയറക്ടര്‍ ജനറല്‍ ഒഫ് ഫോറിന്‍ ട്രേഡില്‍ ആവശ്യമായ എല്ലാ രേഖകളും അടങ്ങിയ ആറ് ഫയലുകള്‍ സമര്‍പ്പിച്ചതായി പരാതിക്കാരന്‍ പറയുന്നു. എന്‍ ഒ സി നല്‍കുന്നതിനായി ഒന്‍പത് ലക്ഷം രൂപയാണ് ബിഷ്ണോയ് പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ആദ്യ ഇന്‍സ്റ്റാല്‍മെന്റില്‍ അ‌ഞ്ച് ലക്ഷം രൂപ നല്‍കണമെന്നും എന്‍ ഒ സി കൈമാറുമ്ബോള്‍ ബാക്കി തുക നല്‍കണമെന്നും ഇയാള്‍ പരാതിക്കാരനോട് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് പരാതിക്കാരന്‍ സി ബി ഐയെ അറിയിക്കുകയും അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിക്കപ്പെടുകയുമായിരുന്നു. ഇന്നലെ ബിഷ്ണോയിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ ഇന്ന് സി ബി ഐ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ബിഷ്ണോയ് കെട്ടിടത്തില്‍ നിന്ന് ചാടുന്നത്.

Related News