രാജ്യത്തിന്റെ സമ്ബത്ത് അദാനിയടക്കം കൊള്ളചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ട സമയമായി: പ്രിയങ്ക ഗാന്ധി

  • 26/03/2023

ദില്ലി : രാഹുല്‍ ഗാന്ധിക്ക് പിന്നാലെ അദാനി-മോദി ബന്ധം ചോദ്യംചെയ്തും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. രാജ്യത്തിന്റെ സമ്ബത്ത് അദാനിയടക്കം കൊള്ളചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ട സമയമായെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.


ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയെയാണ് എട്ട് വര്‍ഷത്തേക്ക് അയോഗ്യനാക്കി പാര്‍ലമെന്റിന് പുറത്താക്കിയത്. രാഹുല്‍ രാജ്യത്തെയും, പിന്നാക്ക വിഭാഗത്തെയും അപമാനിച്ചുവെന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. ഹാര്‍വാര്‍ഡില്‍ നിന്നും കേംബ്രിഡ്ജില്‍ നിന്നും ബിരുദമെടുത്ത രാഹുലിനെ പപ്പുവെന്ന് വിളിച്ച്‌ അപമാനിച്ചു. തന്റെ സഹോദരനെയും, കുടുംബത്തെയും അപമാനിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു രക്തസാക്ഷിയുടെ മകനെയാണ് അവര്‍ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതെന്ന് ഓര്‍മ്മിക്കണം. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ അപമാനിച്ചു. അവര്‍ക്കെതിരെയൊന്നും മാനനഷ്ടത്തിന് കേസെടുത്തിട്ടില്ല.

അദാനിയടക്കം കൊള്ള ചെയ്യുന്നത് രാഹുലിന്റെ സ്വത്തല്ല. ഈ രാജ്യത്തിന്റെ സമ്ബത്താണെന്ന് മനസിലാക്കണം. അതിനെതിരെ, ഈ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. അദാനിയെ കുറിച്ച്‌ പറയുമ്ബോള്‍ ആര്‍ക്കാണ് ഇത്രയേറെ പ്രയാസമെന്നും അദാനിയുടെ പേര് പറയുമ്ബോള്‍ ബിജെപി നേതാക്കള്‍ക്ക് വെപ്രാളമെന്താണെന്നും പ്രിയങ്ക ചോദിച്ചു. അദാനിയുടെ ഷെല്‍ കമ്ബനികളില്‍ 20,000 കോടി നിക്ഷേപിച്ചതാരാണെന്ന് വ്യക്തമാകണം. ബിജെപി ഇതെല്ലാം അദാനിക്ക് വേണ്ടിയാണ് നടത്തുന്നത്. രാഹുല്‍ സഭയിലുയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെയും മറുപടിയില്ല. ഭീരുവും അഹങ്കാരിയുമായ ഈ രാജ്യത്തെ പ്രധാനമന്ത്രിക്ക് ജനം മറുപടി നല്‍കുമെന്നും പ്രിയങ്ക തുറന്നടിച്ചു.

Related News