ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടുത്തം

  • 26/03/2023

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ്. തീ ഉടന്‍ അണക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജന്‍ എംഎല്‍എയും അറിയിച്ചു. ഇന്ന് തന്നെ പൂര്‍ണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.


തീ നിയന്ത്രണവിധേയമെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചതായി മേയര്‍ പറഞ്ഞു. അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സെക്ടര്‍ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. ജെസിബി ഉപയോഗിച്ച്‌ മാലിന്യം ഇളക്കി മാറ്റുന്നു. പ്രദേശത്ത് വലിയ തോതില്‍ പുക ഉയരുന്നുണ്ട്. രണ്ട് ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.

അതേ സമയം ബ്രഹ്മപുരത്തെ തീ അണച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇനി അവശേഷിക്കുന്നത് പുക മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. തീ പിടിച്ചതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉറപ്പുകള്‍ ലംഘിച്ച്‌ വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നുണ്ട് എന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ മാലിന്യങ്ങള്‍ ഇളക്കി മാറ്റുകയാണ് ചെയ്യുന്നത്. പ്രദേശത്ത് വന്‍തോതില്‍ പുക ഉയരുന്നുണ്ട്. പ്രദേശവാസികള്‍ പുക ഉയരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞു.

കൂടുതല്‍ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശക്തമായി തുടരുന്നുണ്ട്. കൂടുതല്‍ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സെക്ടര്‍ ഒന്നില്‍ മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.

Related News