നാലും ആറും വയസുള്ള സഹോദരിമാര്‍ കുളിപ്പിച്ചു; കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ച നിലയിൽ

  • 26/03/2023

ഭോപാല്‍: മധ്യപ്രദേശില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കി പൊലീസ്. കുഞ്ഞിന്റെ നാലും ആറും വയസുള്ള സഹോദരിമാര്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് ബക്കറില്‍ വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തില്‍.


കഴിഞ്ഞ ബുധനാഴ്‌ചയാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. ആ ദിവസം വീട്ടിലെത്തിയ ഭിക്ഷക്കാരിയെ സംശയമുണ്ടെന്ന് പറഞ്ഞായിരുന്നു ഇവര്‍ പൊലീസെ സമീപിച്ചത്. എന്നാല്‍ തെരച്ചിലിനൊടുവില്‍ കുഞ്ഞിനെ വീട്ടിലെ കുളിമുറിക്കുള്ളിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തുടര്‍ന്ന് നാലും ആറും വയസയുള്ള സഹോദരിമാരെ ചോദ്യം ചെയ്‌തപ്പോഴാണ് സത്യം പുറംലോകം അറിയുന്നത്. സംഭവ ദിവസം സഹോദരിമാര്‍ തങ്ങളുടെ ടെഡ്ഡിബിയറും കൊണ്ട് കളിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും 'ടെഡ്ഡിബിയറി'നെ കുളിപ്പിക്കുകയും ഉണക്കാന്‍ വെയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ടുമാസം പ്രായമുള്ള സഹോദരിയെയും ഇതുപോലെ കുളിപ്പിക്കാമെന്ന് ഇവര്‍ക്ക് തോന്നിയത്. തുടര്‍ന്ന് കുഞ്ഞിനെയും എടുത്ത് കുളിമുറിയില്‍ വരികയായിരുന്നു.

വലിയ ബക്കറ്റിന്റെ അരികില്‍ ഇരുത്തിയാണ് ഇരുവരും കുഞ്ഞിനെ കുളിപ്പിച്ചത്. ഇതിനിടെ കൈയില്‍ നിന്ന് വഴുതി കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേക്ക് വീണു. പരിഭ്രാന്തരായ സഹോദരിമാര്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ബക്കറ്റ് അടച്ച്‌ ഇരുവരും പുറത്തേക്ക് പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Related News