ഒരു ദുരന്തത്തില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കൂ; രാഷ്ട്രപതിയോട് മമത ബാനർജി

  • 27/03/2023

കൊല്‍ക്കത്ത: ഒരു ദുരന്തത്തില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കൂവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് അഭ്യര്‍ഥിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ചടങ്ങിലായിരുന്നു മമതയുടെ അഭ്യര്‍ഥന. ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


'മാഡം പ്രസിഡന്റ്, ഈ രാജ്യത്തിന്റെ ഭരണഘടനയുടെ തലപ്പത്തുള്ള താങ്കള്‍ ഭരണഘടനയേയും പാവപ്പെട്ടവരുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കണം എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഒരു ദുരന്തത്തില്‍ നിന്ന് ഇവയെ സംരക്ഷിക്കൂവെന്നാണ് അഭ്യര്‍ഥന', മമത പറഞ്ഞു.

രാഷ്ട്രപതിയെ ഗോള്‍ഡന്‍ ലേഡി എന്ന് അഭിസംബോധന ചെയ്തായിരുന്നു മമതയുടെ പ്രസംഗം. സംസ്ഥാനം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ഹൃദയം നിറഞ്ഞ കടപ്പാട് അറിയിച്ചു. കാലങ്ങളായി വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ ഐക്യത്തോടെ കഴിയുന്നതിന്റെ പാരമ്ബര്യം രാജ്യത്തിനുണ്ടെന്നും മമത പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വലിയ നവീകരണപ്രസ്ഥാനങ്ങളുടെ ആരംഭം ബംഗാളില്‍ നിന്നായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഉത്ഭവവും സംസ്ഥാനത്തായിരുന്നുവെന്നും മമത പറഞ്ഞു.

Related News