സവർക്കർ മാപ്പ് പറഞ്ഞതിന് തെളിവുണ്ടോ; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സവർക്കറുടെ ചെറുമകൻ

  • 28/03/2023

ദില്ലി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനിടയാക്കിയ പരാമർശത്തിൽ ക്ഷമാപണം നടത്തുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സവർക്കറുടെ ചെറുമകൻ. ബ്രീട്ടീഷുകാരോട് സവർക്കർ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻറെ തെളിവ് കാണിക്കാനാണ് വി ഡി സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ കോൺഗ്രസിനെ വെല്ലുവിളിക്കുന്നത്. മുൻ എംപി ചെയ്യുന്നത് ബാലിശമാണെന്നാണ് രഞ്ജിത് സവർക്കർ പ്രതികരിച്ചത്. ദേശസ്‌നേഹികളുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് പരിതാപകരമാണെന്നും രഞ്ജിത് സവർക്കർ പ്രതികരിച്ചു. 

മാപ്പ് പറയാൻ തൻറെ പേര് സവർക്കർ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി മാപ്പ് ചോദിക്കില്ലെന്നും രാഹുൽ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. തനിക്ക് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷമല്ലെന്നും പാർലമെൻറിന് അകത്തോ പുറത്തോ തൻറെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. സ്ഥിരമായി അംഗത്വം റദ്ദാക്കിയാൽ പോലും കടമ നിർവഹിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. 

മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദായത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ കോടതി നൽകിയിരിക്കുന്നത്.

Related News