പ്രതിപക്ഷ ബഹളം; ഇന്ന് സഭ സമ്മേളിച്ചത് ഒരു മിനുട്ട് മാത്രം

  • 28/03/2023

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. 'രാഹുല്‍', 'അദാനി' വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ന് സഭ സമ്മേളിക്കാനാവാതെ പിരിഞ്ഞത്. ഇന്ന് ഒരു മിനിറ്റ് നേരം മാത്രമാണ് സഭ സമ്മേളിച്ചത്. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ എംപിമാര്‍ സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിഞ്ഞു. തുടര്‍ന്ന് ഉച്ചവരെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു.


ഉച്ചയ്ക്ക് ശേഷം വീണ്ടും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞത്. കറുത്തവസ്ത്രമണിഞ്ഞാണ് ഇന്നും പ്രതിപക്ഷ എംപിമാര്‍ സഭയിലെത്തിയത്. പാര്‍ലമെന്റ് നടപടികള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ രാജ്യസഭാ, ലോക്‌സഭാ എംപിമാരുടെ യോഗം വിളിച്ചിരുന്നു.

'മോദി' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സൂറത്ത് കോടതി ശിക്ഷിച്ച സാഹചര്യത്തില്‍ ആ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

Related News