സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല സര്‍ക്കാരിന് താത്പര്യമുള്ളവര്‍ക്ക് കൊടുക്കാം; നയം മാറ്റി ഗവർണർ

  • 28/03/2023

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല സര്‍ക്കാരിന് താത്പര്യമുള്ളവര്‍ക്ക് കൊടുക്കാമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍. ഇക്കാര്യം വ്യക്തമാക്കി രാജ്ഭവന്‍ കത്തു നല്‍കി. ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥിനു ചുമതല നല്‍കാമെന്നും കത്തിലുണ്ട്.


കോടതിയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ സര്‍ക്കാരിന് വഴങ്ങിയുള്ള നീക്കം. ഡോ. സിസ തോമസ് സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വിസി ചുമതലയില്‍ നിന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് രാജ്ഭവന്‍ സര്‍ക്കാരിന് കത്ത് കൈമാറിയത്.

ഡോ. സജി ഗോപിനാഥിന് താത്കാലിക ചുമതല നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ അതു തള്ളിയിരുന്നു. മാത്രമല്ല സജി ഗോപിനാഥിന് വിസി സ്ഥാനത്ത് ഇരിക്കാനുള്ള അര്‍ഹതയില്ലെന്നും സ്ഥാനത്തു നിന്നു മാറ്റാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നോ‌‌ട്ടീസും ഗവര്‍ണര്‍ അയച്ചു.

എന്നാല്‍ സര്‍വകലാശാല കേസുകളില്‍ ഹൈക്കോടതിയില്‍ നിന്നു നിരന്തരം തിരിച്ചടി നേരിട്ടത് ഗവര്‍ണര്‍ക്ക് തിരിച്ചടിയായി മാറി. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു റദ്ദാക്കിയതും സ്വന്തം നിലയ്ക്കു ഗവര്‍ണര്‍ സെര്‍ച് കമ്മിറ്റി രൂപീകരിച്ചതു ചട്ടവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടു മാറ്റം.

Related News