അയോഗ്യനാക്കിയതിന് കാരണം രാഹുല്‍ഗാന്ധിയുടെ അഹങ്കാരം കൊണ്ട്: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

  • 29/03/2023

ദില്ലി: എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് കാരണം രാഹുല്‍ഗാന്ധിയുടെ അഹങ്കാരമാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍ രാജ്യം ഭരിക്കുന്നത് ജന്മാവകാശമാണെന്നും രാഹുല്‍ കരുതുന്നതായും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.


ഒബിസി സമുദായത്തെ അവഹേളിച്ചതില്‍ കോടതി ഒരു തീരുമാനമെടുക്കുന്നു. രാഹുല്‍ഗാന്ധി ഇന്ന് പറയുന്നത് കോടതി തെറ്റാണെന്നാണ്. രാജ്യംഭരിക്കുന്നത് ജന്മാവകാശമായാണ് രാഹുല്‍ കാണുന്നത്. അദ്ദേഹം അവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചില കുടുംബങ്ങളില്‍ ജനിച്ചാല്‍ രാജ്യം ഭരിക്കുന്നത് ജന്മാവകാശമാണെന്നാണ് രാഹുല്‍ കരുതുന്നത്. കോടതിക്കും പാര്‍ലമെന്റിനും അപ്പുറമാണ് രാഹുലിന്റെ ചിന്തയെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരെ ഒരു കോടതിക്കും വിധി പറയാന്‍ കഴിയില്ലെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. അയോഗ്യതയ്‌ക്കുള്ള ഭരണഘടനയിലെ വ്യവസ്ഥ തനിക്ക് ബാധകമാക്കേണ്ടതില്ലെന്നും രാഹുല്‍ കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തങ്ങള്‍ എല്ലാറ്റിനും മുകളില്‍ ആണെന്നാണ് കരുതുന്നത്. തനിക്കെതിരെ എങ്ങനെ കോടതി നടപടി എടുക്കും എന്നാണ് കരുതുന്നത്. പ്രതിപക്ഷം ഒന്നിക്കുന്നത് സ്വാഭാവികമാണ്, അവര്‍ പരിഭ്രമിച്ചിരിക്കുകയാണ്. സവര്‍ക്കര്‍ എന്താണ് എഴുതിയത് എന്ന് രാഹുല്‍ പഠിക്കണമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

Related News