അഴുക്കുചാലില്‍നിന്ന് തുരങ്കം; ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ

  • 29/03/2023

മീററ്റ്: അഴുക്കുചാലില്‍നിന്ന് തുരങ്കം നിര്‍മിച്ച്‌ ജൂവലറി കൊള്ളയടിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് പത്തടിയോളം നീളത്തില്‍ ജൂവലറിയിലേക്ക് തുരങ്കം നിര്‍മിച്ചശേഷം കവര്‍ച്ചനടത്തിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ ജൂവലറിയില്‍നിന്ന് കവര്‍ച്ച ചെയ്തെന്നാണ് ജൂവലറി ഉടമയുടെ പരാതി.


ചൊവ്വാഴ്ച രാവിലെ ജൂവലറി ഉടമ കട തുറക്കാനെത്തിയപ്പോളാണ് അഴുക്കുചാലില്‍നിന്ന് കടയ്ക്കുള്ളിലേക്ക് തുരങ്കം നിര്‍മിച്ചത് കണ്ടത്. തുടര്‍ന്ന് കടയ്ക്കുള്ളില്‍ കയറിയതോടെ കവര്‍ച്ച നടന്നതായി കണ്ടെത്തുകയായിരുന്നു. അഴുക്കുചാലിന്റെ തകര്‍ച്ചനേരിടുന്ന ഭാഗത്തുനിന്ന് കല്ലുകളും മണ്ണും നീക്കിയാണ് ജൂവലറിയിലേക്ക് തുരങ്കം നിര്‍മിച്ചിരിക്കുന്നതെന്നും സംഭവത്തില്‍ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം, നഗരത്തിലെ ജൂവലറിയില്‍ നടന്ന കവര്‍ച്ചയില്‍ സ്വര്‍ണവ്യാപാരികള്‍ പോലീസിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. നഗരത്തില്‍ അടുത്തിടെ നടക്കുന്ന നാലാമത്തെ കവര്‍ച്ചയാണിതെന്നായിരുന്നു വ്യാപാരികളുടെ ആരോപണം. സംഭവത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലത്ത് എത്തിയത്. എന്നാല്‍ ഇവരെ ജൂവലറിക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍ വ്യാപാരികള്‍ സമ്മതിച്ചില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പോലീസുകാരെ തടഞ്ഞത്.

Related News