അപകീർത്തിക്കേസ്: വിധിക്കെതിരെ രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും.

  • 02/04/2023

ന്യൂഡല്‍ഹി: മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തിങ്കളാഴ്ച്ച അപ്പീല്‍ നല്‍കും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ഗാന്ധി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും.


സി.ജെ.എം. കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കുന്നത്. അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ സി.ജെ.എം. കോടതി വിധി സ്റ്റേ ചെയ്യണമെന്നും രാഹുലിന്റെ അഭിഭാഷകര്‍ നാളെ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെടും.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ മോദി സമുദായത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് രാഹുല്‍ഗാന്ധിക്ക് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ ലഭിക്കാവുന്ന പരമാവധി തടവുശിക്ഷയായ രണ്ടുവര്‍ഷത്തെ തടവാണ് രാഹുലിന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്‌.എച്ച്‌. വര്‍മ വിധിച്ചത്. ബി.ജെ.പി. എം.എല്‍.എ. പൂര്‍ണേഷ് മോദിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു.

Related News