രാഹുല്‍ ഗാന്ധിക്കെതിരായ എല്ലാ കേസുകള്‍ക്കും പിന്നില്‍ പ്രധാനമന്ത്രിയും ആര്‍ എസ് എസും: കെസി വേണുഗോപാല്‍

  • 02/04/2023

ദില്ലി : രാഹുല്‍ ഗാന്ധിക്കെതിരായ എല്ലാ കേസുകള്‍ക്കും പിന്നില്‍ പ്രധാനമന്ത്രിയും ആര്‍ എസ് എസുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോലാര്‍ പ്രസംഗത്തിലെ അപകീര്‍ത്തി പരാമര്‍ശ കേസില്‍ അപ്പീല്‍ നല്‍കുന്നതിനായി നാളെ ഉച്ചക്ക് ശേഷം രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകുമെന്നും വേണുഗോപാല്‍ സ്ഥിരീകരിച്ചു. പന്ത്രണ്ടരക്കുള്ള വിമാനത്തില്‍ ദില്ലിയില്‍ നിന്നും രാഹുല്‍ സൂറത്തിലേക്ക് പോകും. കോടതി നടപടിയെ മുന്‍വിധിയോടെ കാണുന്നില്ലെന്നും വേണുഗോപാല്‍ വിശദീകരിച്ചു. രാഹുല്‍ അപ്പീല്‍ നല്‍കാത്തതില്‍ ബിജെപിക്ക് എന്തിനാണ് വേവലാതിയെന്ന ചോദ്യവും ബിജെപി നേതാക്കള്‍ക്ക് നേരെ വേണുഗോപാല്‍ തൊടുത്തു.


കഴിഞ്ഞ മാസം 23 നാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശവും നല്‍കി. രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സിജെഎം കോ‍ടതിയിലേക്ക് നീങ്ങുന്നത്. മനു അഭിഷേക് സിംഗ് വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്.

ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കുന്നതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അപ്പീല്‍ തയ്യാറാക്കിയിരിക്കുന്നത്. പരാതിക്കാരനനുകൂലമായി ഗുജറാത്ത് ഹൈക്കോടതി നേരത്തെ സിജെഎം കോടതി നടപടികളില്‍ ഇടപെട്ടത് പാര്‍ട്ടിയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. 

Related News