ഔദ്യോഗിക വസതിയൊഴിയാനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി രാഹുൽ ഗാന്ധി

  • 04/04/2023

ദില്ലി: ഔദ്യോഗിക വസതിയൊഴിയാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ തന്റെ ജീവനക്കാരോട് നിര്‍ദ്ദേശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി പേര് പരമാര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ രാഹുല്‍ വീടൊഴിയും. ഈ മാസം പതിമൂന്നിനാണ് രാഹുലിന്റെ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി വിധി പറയുക. 23നാണ് വീടൊഴി‌യാനുള്ള ഒരു മാസത്തെ സമയപരിധി തീരുന്നത്.


ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഓഫീസിലുള്ളവര്‍ക്ക് രാഹുല്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വീട്ടു സാധനങ്ങള്‍ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തന്‍റെ ഓഫീസിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്കിയത്.

എല്ലാം പായ്ക്ക് ചെയ്ത് വെക്കണമെന്നാണ് രാഹുല്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭ ഹൗസിംഗ് കമ്മിറ്റി രാഹുലിന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ ആ വീട്ടില്‍ ചെലവഴിച്ച സമയത്തിന്‍റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Related News