തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞ സംഭവം: ഡി കെ ശിവകുമാറിനെതിരെ കേസ്

  • 04/04/2023

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരെ കേസ്. മാര്‍ച്ച്‌ 29ന് മാണ്ഡ്യയിലാണ് സംഭവം നടന്നത്. ശിവകുമാറിനെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാണ്ഡ്യ പൊലീസ് സ്റ്റേഷന്‍ കോടതി നിര്‍ദ്ദേശപ്രകാരം ശിവകുമാറിനെതിരെ കേസ് എടുത്തത്.


ബെവിനാഹള്ളിയില്‍ പ്രചാരണ റാലിക്കിടെ, ബസിന് മുകളില്‍ കയറി നിന്ന് ജനക്കൂട്ടത്തിലേക്ക് നോട്ടുകള്‍ വീശി‌യെറിയുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ വൈറലാ‌യിരുന്നു. പ്രജ ധ്വനി യാത്രക്കി‌ടെയായിരുന്നു സംഭവം. എന്നാല്‍, താന്‍ ജനങ്ങള്‍ക്കു നേരെയല്ല നോട്ടുകള്‍ എറിഞ്ഞതെന്നാണ് ശിവകുമാറിന്റെ വാദം. റാലിയില്‍ പങ്കെടുത്ത ജനങ്ങള്‍ ദൈവങ്ങളുടെ വിഗ്രഹം തലയില്‍ ചുമന്നിരുന്നു. ഇതിന് നേരെ‌യാണ് താന്‍ പണം സമര്‍പ്പിച്ചത് എന്നാണ് ശിവകുമാര്‍ പറ‌യുന്നത്. അതേസമയം. റാലിയില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്ക് പണം നല്‍കുക മാത്രമാണ് ശിവകുമാര്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി‌യായി ഒരുവിഭാഗം വിലയിരുത്തപ്പെടുന്ന നേതാവാണ് ഡി കെ ശിവകുമാര്‍. കനക്പുര നിയോജക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ഇക്കുറി ജനവിധി തേടുന്നത്. മെയ് 10നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13ന് ഫലം പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ പോര് രൂക്ഷമാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരെയും ഒരേപോലെ മുന്‍നിരയില്‍ നിര്‍ത്തി‌യാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്ബോള്‍ മുഖ്യമന്ത്രി ആരാ‌യിരിക്കും എന്നത് ജനാധിപത്യപരമായി തീരുമാനിക്കും എന്നാണ് സിദ്ധരാമയ്യ പറയുന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇട‌പെടല്‍ ഉണ്ടാവില്ലെന്നും സിദ്ധരാമയ്യ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related News