കാമുകനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടിയ കേസില്‍ യുവതി അറസ്റ്റില്‍

  • 05/04/2023

ചെന്നൈ: കാമുകനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടിയ കേസില്‍ യുവതി അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്‌സ് ജീവനക്കാരന്‍ എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി ഭാഗ്യലക്ഷ്മി (38) അറസ്റ്റിലായി. ജയന്തനെ മാര്‍ച്ച്‌ മുതല്‍ കാണുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്.

കോവളം കടല്‍ത്തീരത്ത് നിന്നാണ് കഷണങ്ങളാക്കി മുറിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗുണ്ടകളുടെ സഹായത്തോടെയാണ് ഭാഗ്യലക്ഷ്മി കൊല നടത്തിയതെന്നാണ് വിവരം. വില്ലുപുരത്തേക്ക് പോയ ജയന്തനം മാര്‍ച്ച്‌ 18 മുതലാണ് കാണാതാകുന്നത്.

ഇയാളുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അവസാന ഫോണ്‍ ലൊക്കേഷന്‍ പുതുക്കോട്ടയിലാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകിയായിരുന്ന ഭാഗ്യലക്ഷ്മിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ജയന്തന്‍ ഭാഗ്യലക്ഷ്‌മിക്ക് ധാരാളം ധനസഹായം ചെയ്‌തിരുന്നു. ഇത് മുടങ്ങിയതാകാം കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ജയന്തനെ മറ്റ് മൂന്ന് പേരുടെ സഹായത്തോടെ യുവതി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച്‌ 20ന് പുലര്‍ച്ചെ സംഘം മൃതദേഹ അവശിഷ്ടങ്ങള്‍ പുതുക്കോട്ടയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ചെന്നൈയ്ക്ക് സമീപം കോവളത്ത് കടല്‍ക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കുഴിച്ചിട്ടു.

പിന്നീട് മാര്‍ച്ച്‌ 26ന് രാവിലെ ഭാഗ്യലക്ഷ്മി ടാക്സിയില്‍ ബാക്കി ശരീരഭാഗങ്ങളുമായി വീണ്ടും ചെന്നൈയിലെത്തി കോവളത്ത് കുഴിച്ചിട്ടു. മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

Related News