മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 05/04/2023

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യംവെച്ച്‌ ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോട്ടയത്തുള്ള തങ്ങളുടെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ക്ഷണിക്കുകയും ചെയ്തു.


പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഓര്‍ത്തോഡ്ക്സ് സഭാധ്യക്ഷനെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ അനുഗമിച്ചു. ഫലപ്രദമായ കൂടിക്കാഴ്ച എന്നാണ് ചര്‍ച്ചയ്ക്ക് ശേഷം വി.മുരളീധരന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഡല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായാണ് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ തലസ്ഥാനത്തെത്തിയത്.

'സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തെ കണ്ടതിന് ശേഷം, ശരിക്കും സന്തോഷം തോന്നുന്നു, അദ്ദേഹം സഭയുടേയും പള്ളിയുടേയും പ്രവര്‍ത്തനത്തെക്കുറിച്ച്‌ അന്വേഷിച്ചു, ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം സന്തോഷവാനായി' സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related News