ഒന്ന് ഉറങ്ങി ഏഴുന്നേറ്റപ്പോൾ കോടീശ്വരനായി ഹോം ഗാർഡ്! കൂടെ ഒരു ലക്ഷ്വറി കാറും, തുണച്ചത് ചെന്നൈ-ലഖ്‌നൗ മത്സരം

  • 06/04/2023

ഗോരഖ്പുർ: ഗോരഖ്പുരിലെ സിക്രഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ വിവേകാനന്ദ് സിംഗ് തനിക്ക് കൈവന്ന മഹാഭാഗ്യത്തിൻറെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ കോടീശ്വരനായി മാറിയാൽ ആർക്കും പെട്ടെന്ന് വിശ്വസിക്കാനാവില്ലല്ലോ. തിങ്കളാഴ്ച ഒന്ന്  ഉറങ്ങാൻ കിടന്നപ്പോൾ വിവേകാനന്ദ് ഹോം ഗാർഡ് ജോലി ചെയ്ത് ജീവിച്ചിരുന്ന സാധാരണക്കാരനായിരുന്നു.

എന്നാൽ, നാല് മണിക്കൂർ ഉറങ്ങി രാത്രി 12 മണിക്ക് എഴുന്നേറ്റ് മൊബൈൽ നോക്കിയപ്പോഴാണ് തൻറെ ജീവിതമാകെ മാറിയെന്ന് വിവേകാനന്ദിന് മനസിലാക്കിയത്. കോടീശ്വരൻ മാത്രമല്ല, ഒരു ലക്ഷ്വറി കാറിൻറെ ഉടമ കൂടിയായി വിവേകാനന്ദ് സിംഗ് മാറി. ഹോം ഗാർഡ് ജോലി ചെയ്യുന്നതിനൊപ്പം ഓൺലൈൻ ആപ്പിലൂടെ ബെറ്റിംഗ് ഗെയിം വിവേകാനന്ദ് സിംഗ് കളിക്കുന്നുണ്ടായിരുന്നു. ആറ് മാസമായി വിവേകാനന്ദ് ഈ ഗെയിം കളിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രി ചെന്നൈ സൂപ്പർ കിംഗ്‌സും ലഖ്‌നൗ സൂപ്പർ ജയൻറ്‌സും ഏറ്റുമുട്ടിയപ്പോൾ ബെറ്റ് വച്ച ശേഷം വിവേകാനന്ദ് ഉറങ്ങി. തുടർന്ന് 12 മണിക്ക് ഏഴുന്നേറ്റ് മൊബൈൽ നോക്കിയപ്പോഴാണ് താനൊരു കോടീശ്വരനായി മാറിയെന്ന് മനസിലായത്. ഒരു കോടി രൂപയും ലക്ഷ്വറി കാറും വിജയിച്ചുവെന്നാണ് മൊബൈലിൽ സന്ദേശം ഉണ്ടായിരുന്നത്. ഐജി ഓഫീസിൽ നിന്ന് വരെ ഈ വിവരം അറിഞ്ഞ് വിളിച്ച് അഭിനന്ദിച്ചുവെന്ന് വിവേകാനന്ദ് സിംഗ് പറഞ്ഞു.

കോടീശ്വരനായിട്ടും തൻറെ ഹോം ഗാർഡ് ജോലി ഉപേക്ഷിക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ലഭിക്കുന്ന തുക ഉപയോഗിച്ച് ഭാവിയിലേക്കായി ഭൂമിയോ വീടോ വാങ്ങും. കൃഷിക്ക് വേണ്ടിയും പണം ചെലവാക്കും.  ഇത്രയധികം പണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ ടീമുകളിട്ട് കുട്ടികൾ ഓൺലൈൻ ആപ്പ് വഴി കളിക്കുന്നത് കണ്ടാണ് ശ്രദ്ധിച്ച് തുടങ്ങിയതെന്നും വിവേകാനന്ദ് സിംഗ് പറഞ്ഞു.

Related News