ഗോത്രവിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പോലീസുകാരെ കോടതി വെറുതെ വിട്ടു

  • 08/04/2023

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട പതിനൊന്ന് സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പോലീസുകാരെ കോടതി വെറുതെ വിട്ടു. പതിനാറ് കൊല്ലം മുമ്ബ് അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഗ്രാമത്തിലാണ് നിഷ്ഠൂരസംഭവം നടന്നത്. കേസില്‍ പ്രതികളായ 21 പോലീസുകാരെയാണ് പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. നീതിപൂര്‍വവും പക്ഷപാത രഹിതവുമായ അന്വേഷണത്തിന്റെ അഭാവമാണ് പ്രതികളെ വെറുതേവിടുന്നതിലേക്ക് നയിച്ചതെന്ന് കോടതി പറഞ്ഞു.


പോലീസിന്‍റെ പ്രത്യേക വിഭാഗമായ 'ഗ്രേഹൗണ്ട്സി'ല്‍പ്പെട്ട പോലീസുകാരാണ് സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. 2007 ഓഗസ്റ്റിലായിരുന്നു സംഭവം. 2018-ലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. വ്യാഴാഴ്ച പ്രതികളെ കുറ്റവിമുക്തരാക്കി പ്രത്യേക കോടതി വിധി പ്രസ്താവിച്ചു. അതേസമയം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി അതിജീവിതകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഇക്കാലയളവിനിടെ കേസില്‍ പ്രതികളായ പോലീസുകാര്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ലെന്നും അവരില്‍ ചിലര്‍ സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുകയോ മറ്റുചിലര്‍ മരിക്കുകയോ ചെയ്തതായും ഹ്യൂമന്‍ റൈറ്റ്സ് ഫോറം (എച്ച്‌ആര്‍എഫ്) ഉപാധ്യക്ഷന്‍ എം. സാരത് പറഞ്ഞു. കേസിന്റെ ആദ്യനാളുകളില്‍ത്തന്നെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടന്നതായും ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകളില്‍ വരെ അട്ടിമറി നടന്നതായും അദ്ദേഹം ആരോപിച്ചു.

Related News