അഴിമതികള്‍ പുറത്തുവരാതിരിക്കാനായി കോടതിയെ സമീപിച്ചവര്‍ക്ക് കിട്ടിയത് ഞെട്ടിക്കുന്ന മറുപടി; വിമർശനവുമായി പ്രധാനമന്ത്രി

  • 08/04/2023

ഹൈദരാബാദ്: അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച്‌ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ അഴിമതികള്‍ പുറത്തുവരാതിരിക്കാനായി കോടതിയെ സമീപിച്ച ഇവര്‍ക്ക് ഞെട്ടിക്കുന്ന മറുപടിയാണ് കോടതിയില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സഹകരണമില്ലാത്തതിനാല്‍ തെലങ്കാനയില്‍ നിരവധി വികസന പദ്ധതികള്‍ വൈകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരില്‍നിന്നുണ്ടാകുന്ന ഇത്തരം നടപടികളില്‍ ദുരിതമനുഭവിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളാണ്. വികസന പദ്ധതികളില്‍ തടസ്സം സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചിലര്‍ക്ക് രാജ്യപുരോഗതിയില്‍ ഒട്ടും താത്പര്യമില്ല. ഇത്തരക്കാരുടെ മുന്‍ഗണന അവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ മാത്രമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അഴിമതിയും സ്വജനപക്ഷപാതവും വ്യത്യസ്തമായ കാര്യങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കെതിരെ കൃത്യമായ രീതിയില്‍ നടപടി എടുക്കണ്ടതില്ലേ എന്ന് തീരുമാനിക്കേണ്ടത് തെലങ്കാനയിലെ ജനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related News