രാജ്യത്തെ കൊവിഡ് കേസുകൾ ഉയരുന്നു; മൂന്ന് സംസ്ഥാനങ്ങളിൽ മാസ്‌ക് നിർബന്ധം

  • 09/04/2023

രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം കുതിച്ചുയരുന്നതിനിടെ മൂന്ന് സംസ്ഥാനങ്ങൾ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. സംസ്ഥാനങ്ങൾ മാസ്‌കിലേക്കും കൊവിഡ് പ്രോട്ടോക്കോളുകളിലേക്കും തിരികെ പോകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേരള, ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. കേരളത്തിൽ ഇന്നലെ മാത്രം ആയിരത്തിലധികംപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രായമായവർക്കും ഗർഭിണികൾക്കും ജീവിതശൈലീ രോഗമുള്ളവർക്കുമാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. 

ആശുപത്രികളിൽ സന്ദർശനം നടത്തുന്നവർക്കും മാസ്‌ക് നിർബന്ധമാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ജാഗ്രതാ നിർദേശങ്ങൾ. രാജ്യത്ത് പുതുതായി 5,357 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണം 44,756,616 ആയി. ശനിയാഴ്ച 6,155 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകൾ 32,814 ആണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 മരണങ്ങൾ രേഖപ്പെടുത്തി. ആകെ മരണസംഖ്യ 53,09,65 ആയി. മരണനിരക്ക് 1.19 ശതമാനമാണ്. അതേസമയം സംസ്ഥാനങ്ങൾക്ക് കൊവിഡ് നിർദേശങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഈയാഴ്ച ആദ്യവാരം തന്നെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാനമന്ത്രിമാരുമായി ഉന്നതതല യോഗം നടത്തിയിരുന്നു.

Related News