ജംഷദ്പൂരിൽ വീണ്ടും സംഘർഷം; നിരോധനാജ്ഞ

  • 10/04/2023

ദില്ലി: ജാർഖണ്ഡിലെ ജംഷദ്പൂരിൽ രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും. അക്രമം തുടർച്ചയായതോടെ ജംഷദ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാമനവമി പാതകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തത്. 

സംഘടിച്ചെത്തിയ ആൾക്കൂട്ടം ശാസ്ത്രിനഗർ മേഖലയിൽ രണ്ട് കടകൾക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണൂർവാതകം പ്രയോഗിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് മേധാവി പ്രഭാത് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യാസിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. 

സമാധാനന്തരീക്ഷം തകർക്കാൻ വേണ്ടി സാമൂഹ്യവിരുദ്ധർ സോഷ്യൽമീഡിയിലൂടെ നടത്തുന്ന പ്രചരണങ്ങൾക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജപ്രചരണങ്ങളെ തള്ളണം. അത്തരം സന്ദേശങ്ങൾ സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യരുത്, പ്രചരിപ്പിക്കരുത്. ഉടൻ വിവരം അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അക്രമികളെ ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related News