കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍

  • 11/04/2023

നോയിഡ: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ നിന്നു കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. നോയിഡയിലാണ് സംഭവം.  രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 

നോയിഡയിലെ ദേവ്‌ലയില്‍ ശിവ്കുമാര്‍- മഞ്ജു ദമ്പതികളുടെ മകള്‍ മാന്‍സിയാണ് മരിച്ചത്. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയുടെ വീടിന്റെ വാതിലിലാണ് കുട്ടിയുടെ മൃതദഹം അടങ്ങിയ കവര്‍ കണ്ടെത്തിയത്. 

ഏഴുമാസം പ്രായമായ അനുജനുമൊപ്പം വാടകവീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പുറത്തു പോയ സമയത്താണ് കുട്ടിയെ കാണാതെയാകുന്നത്. കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ തിരയാന്‍ രാഘവേന്ദ്രയും ഒപ്പം കൂടിയതായും സംശയമുണ്ടാക്കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും മാതാപിതാക്കള്‍ പറയുന്നു.

2 ദിവസങ്ങള്‍ക്കു ശേഷം രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് ശിവകുമാര്‍ പോലീസിനെ അറിയിച്ചു. പോലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തിയത്.  

രാഘവേന്ദ്ര സ്ഥലം വിട്ടിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ലൈംഗിക പീഡനം നടന്നുവെന്ന് സംശയിച്ചെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഒളിവില്‍പോയ രാഘവേന്ദ്രയെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.   

Related News