കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടപട്ടികയുമായി ബിജെപി

  • 11/04/2023

ബെംഗളുരു : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടപട്ടികയുമായി ബിജെപി. പ്രഖ്യാപിക്കുന്നത് 189 സ്ഥാനാര്‍ത്ഥികളെ. മുഖ്യമന്ത്രി ബസവരാജ്

ബൊമ്മെ ഷിഗോനില്‍ മത്സരിക്കും. കൂറുമാറിവന്ന ശ്രീമന്ത് പാട്ടീലിനും സീറ്റ് ലഭിച്ചു. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ശിക്കാരിപുരയില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് ഇത് വരെ പ്രഖ്യാപിച്ചത് 168 സ്ഥാനാര്‍ഥികളെയാണ്.

ജെഡിഎസ് 90 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യയുടെ മണ്ഡലമായ കോലാറില്‍ നിന്ന് വി സോമണ്ണ മത്സരിക്കും. സോമണ്ണയുടെ മണ്ഡലമായ ഗോവിന്ദരാജ് നഗറിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന പട്ടികയെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഒബിസി - 32, എസ്‍സി - 30, എസ്‍ടി - 16 എന്നിങ്ങനെയാണ് സീറ്റ് നല്‍കിയിരിക്കുന്നത്. 52 പേര്‍ പുതിയ സ്ഥാനാര്‍ഥികളാണ്.

പിന്നാക്കവിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കിയെന്ന് അരുണ്‍ സിംഗും പ്രതികരിച്ചു. എട്ട് സ്ത്രീകള്‍ക്ക് ആദ്യപട്ടികയില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. പ്രായം മാനദണ്ഡമാക്കിയതിനെതിരെ കേന്ദ്ര നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച ജഗദീഷ് ഷെട്ടറിന്‍റെ മണ്ഡലമായ ഹുബ്ബള്ളി സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച ഈശ്വരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയില്‍ നിന്ന് കെ ബി അശോക് നായിക് മത്സരിക്കും.

Related News