ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരിച്ച വൃദ്ധയുടെ വിരലടയാളം വില്‍പത്രത്തില്‍ വയ്പ്പിക്കുന്ന ബന്ധുക്കളുടെ വീഡിയോ വൈറൽ

  • 12/04/2023

ആഗ്ര: സ്വത്ത് തട്ടിയെടുക്ക ബന്ധുക്കൾ നടത്തിയ ക്രൂരതയുടെ വീഡിയോ വൈറലാവുന്നു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നിന്നാണ് വൈറലായ വീഡിയോ. കാറിന്‍റെ പിന്‍ സീറ്റില്‍ കിടക്കുന്ന വൃദ്ധയുടെ വിരലടയാളം മുദ്ര പേപ്പറില്‍ പതിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. വീഡിയോയിലുള്ള വിരലടയാളം എടുക്കുന്നത് അഭിഭാഷകനാണെന്നാണ് വ്യാപക പ്രചാരം നേടിയ വീഡിയോയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ.

എന്നാല്‍ വീഡിയോ 2021 ലേതാണ് എന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് വിശദമാക്കുന്നത്. മരണപ്പെട്ട സ്ത്രീയുടെ ബന്ധു ജിതേന്ദ്ര ശര്‍മ പൊലീസിനെ സമീപിച്ചിരുന്നു. വീഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഇതെന്നും യുപി പൊലീസ് വിശദമാക്കുന്നു. കമലാ ദേവിയെന്ന വൃദ്ധയാണ് മരിച്ചത്. 2021 മെയ് 8-നാണ് കമലാ ദേവി മരിച്ചത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല.

കമലാ ദേവിയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന വഴിയില്‍ വച്ച് അവരുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ വാഹനം നിര്‍ത്തി വിരലടയാളം എടുത്തുവെന്നാണ് ബന്ധുവായ ജിതേന്ദ്ര ശര്‍മ വാദിച്ചത്. അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ വ്യാജ വില്‍പത്രത്തില്‍ ആയിരുന്നു ഇതെന്നും ജിതേന്ദ്ര ശര്‍മ പറയുന്നു. വീടും കടയും അടങ്ങുന്ന സ്വത്ത് സംബന്ധിയായാണ് ഈ വില്‍പത്രമെന്നാണ് ആരോപണം. സാധാരണ ഗതിയില്‍ ഒപ്പിടാറുള്ള കമലാ ദേവിയുടെ വിരലടയാളം വില്‍പത്രത്തില്‍ കണ്ടതിന് പിന്നാലെ സംശയം തോന്നിയ ജിതേന്ദ്ര ശര്‍മ പൊലീസ് സഹായം തേടുകയായിരുന്നു. 

Related News