ഇന്ത്യയിലാദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി

  • 12/04/2023

കൊല്‍ക്കത്ത: ഇന്ത്യയിലാദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി. ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച തുരങ്കം വഴി കൊല്‍ക്കത്ത മെട്രോയാണ് ബുധനാഴ്ച പരീക്ഷണയോട്ടം നടത്തിയത്. ഉദ്യോഗസ്ഥരും ബോര്‍ഡ് എന്‍ജിനീയര്‍മാരും മെട്രോയുടെ പരീക്ഷണയോട്ടത്തില്‍ പങ്കെടുത്തു. കൊല്‍ക്കത്ത മുതല്‍ ഹൗറ വരെയായിരുന്നു യാത്ര.


കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നവ്യാനുഭവം പകരുന്ന യാത്രാസംവിധാനമായിരിക്കും ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയില്‍ അടുത്ത ഏഴുമാസം പരീക്ഷണയോട്ടം നടത്തും. 4.8 കിലോമീറ്റര്‍ ദൂരപരിധിയിലായിരിക്കും പരീക്ഷണം. തുടര്‍ന്ന് ഈ പാതയില്‍ സ്ഥിരം സര്‍വീസ് ആരംഭിക്കുമെന്നും മെട്രോ ജനറല്‍ മാനേജര്‍ പി. ഉദയ് കുമാര്‍ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനായി ഹൗറ മാറും. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍നിന്ന് 32 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഹൂഗ്ലി നദിക്കു താഴെയുള്ള തുരങ്കത്തിനകത്ത് 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

Related News