വന്ദേ ഭാരത് യാഥാര്‍ഥ്യമാകാന്‍ കാരണം മന്‍മോഹന്‍ സിങ്ങ്; അശോക് ഗഹ്ലോത്

  • 12/04/2023

യ്പുര്‍: വന്ദേ ഭാരത് തീവണ്ടിയുടെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത് രംഗത്ത്. മോദിയുടെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. റെയില്‍വെയുടെ ആധുനികവത്കരണം തുടങ്ങിയത് 2014-ല്‍ പ്രധാനമന്ത്രി മോദി അധികാരത്തിലെത്തിയതിന് പിന്നാലെയാണെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും ഗഹ്ലോത് പറഞ്ഞു. വന്ദേ ഭാരത് അടക്കമുള്ള ആധുനിക തീവണ്ടികള്‍ ഇന്ന് യാഥാര്‍ഥ്യമാകാന്‍ കാരണം മോദിയുടെ മുന്‍ഗാമിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.


സിങ് ധനമന്ത്രി ആയിരുന്ന കാലത്താണ് രാജ്യത്ത് സാമ്ബത്തിക ഉദാരവത്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച്‌ ലോകത്ത് മുഴുവന്‍ സാങ്കേതികവിദ്യയില്‍ കുതിച്ചുചാട്ടമുണ്ടായി. അതിന്റെ ഫലമായി ആധുനിക സാങ്കേതികവിദ്യ ഇന്ത്യയിലുമെത്തി. ഇതേത്തുടര്‍ന്ന് റെയില്‍വെയിലും ആധുനികവത്കരണം സാധ്യമായെന്ന് ഗഹ്ലോത് അവകാശപ്പെട്ടു. മുന്‍ റെയില്‍വെ മന്ത്രിമാരായ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ജഗ്ജീവന്‍ റാം എന്നിവരുടെ പ്രയത്നങ്ങള്‍ ഗഹ്ലോത് എടുത്തുപറഞ്ഞു.

മുന്‍ റെയില്‍വെ മന്ത്രിമാര്‍ അഴിമതിക്കാര്‍ ആയിരുന്നുവെന്ന തരത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും ഗഹ്ലോത് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോദി, ഗഹ്ലോതിനെ 'സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ബി.ജെ.പിയോട് ശത്രുതയില്ല. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഇരുപാര്‍ട്ടികള്‍ക്കും ഇടയിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

Related News