അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ കോടതി ഇന്ന് പരിഗണിക്കും, നിർണായകം

  • 13/04/2023

അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് സിജെഎം കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് സെഷൻ കോടതി സ്റ്റേ അനുവദിച്ചിരുന്നു.അപ്പീൽ തീർപ്പാക്കുന്നത് വരെയാണ് നടപടികൾ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്റെ അവശ്യം കോടതി പരിഗണിച്ചിച്ചിരുന്നില്ല.മോദി സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് സിജെഎം കോടതിയിയിലെ ഹർജിക്കാരനായ പൂർണേഷ് മോദി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. 

മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന്റെ എം പി സ്ഥാനത്തിനുള്ള അയോഗ്യതയും നീങ്ങും. സൂറത്ത് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷയ്ക്കെതിരെ രാഹുൽ സമർപ്പിച്ച രണ്ട് അപേക്ഷകളാണ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്. ഇന്ന് വരെയാണ് കോടതി രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് സ്ഥിരജാമ്യമാക്കി മാറ്റുന്നതിനാണ് രാഹുലിന്റെ ആദ്യ അപേക്ഷ. രണ്ട് വർഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ രണ്ടാമത്തെ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

രാവിലെ 10.30 മുതൽ കോടതി നടപടികൾ ആരംഭിക്കും. രാഹുൽ ഗാന്ധിയുടെ കേസ് 24-ാമതായാണ് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപ് രാഹുലിന്റെ അപ്പീൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News