ഉറക്കത്തിനിടെ പെൺമക്കളെ കൊലപ്പെടുത്തി ദമ്പതികൾ; മൃതദേഹത്തിന് കാവലിരുന്ന് അമ്മ

  • 16/04/2023

പാട്ന: ബിഹാറിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരായ യുവാക്കളുമായി പ്രണയത്തിലായിരുന്ന പെൺമക്കളെ ദമ്പതികൾ കൊലപ്പെടുത്തി. ബിഹാറിലെ ഹാജിപൂരിലാണ് ദാരുണസംഭവം അരങ്ങേറിയത്. പതിനെട്ടും പതിനാറും വയസ് പ്രായമുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. ഹാജിപൂർ സ്വദേശികളായ റിങ്കു ദേവിയും ഭർത്താവ് നരേഷ് ബൈത്തയും ചേർന്നാണ് സ്വന്തം മക്കളെ അരുംകൊല ചെയ്തത്. മക്കൾ ഉറങ്ങിടക്കുമ്പോഴാണ് കൊലപാതകം നടത്തിയതെന്ന് റിങ്കുദേവി പോലീസിനോട് സമ്മതിച്ചു.

കൊലപാതക വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ റിങ്കു ദേവി മക്കളുടെ മൃതദേഹത്തിന് അരികെ ഇരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപെട്ട ഭർത്താവ് നരേഷ് ബൈത്തക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അന്യജാതിക്കാരായ യുവാക്കളുമായി രണ്ട് മക്കളും പ്രണയത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ റിങ്കു ദേവി പോലീസിനോട് പറഞ്ഞു. തന്റെയോ ഭർത്താവിന്റെയോ അനുവാദത്തിന് കാത്തുനിൽക്കാതെ മക്കൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് പതിവായിരുന്നുവെന്നും മക്കളുടെ പ്രണയബന്ധത്തോടുള്ള എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നും റിങ്കു ദേവി മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി.

ഭർത്താവ് നരേഷ് തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് റിങ്കു ദേവി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ റിങ്കുദേവിയും കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് സദാർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓം പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. താഴ്ന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച മകനെ പിതാവ് കൊലപ്പെടുത്തി. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയും വെട്ടേറ്റ് മരിച്ചു. കൃഷ്ണഗിരി സ്വദേശി സുഭാഷ്, മാതാവ് കണ്ണമ്മാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയെ പോലീസ് അറസ്റ്റ് ചെയ്തു. സുഭാഷിന്റെ ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 3 മാസം മുമ്പായിരുന്നു സുഭാഷ് അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്. വിവാഹശേഷം ഭാര്യയുമൊപ്പം മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നു സുഭാഷ്. മാസങ്ങൾക്ക് ശേഷം ഭാര്യയോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്ന കൊലപാതകം.

Related News