അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി; 50 പേർ ചികിത്സയിൽ

  • 17/04/2023

ദില്ലി: മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം പങ്കുവച്ച് കോൺഗ്രസ് വിമർശനം ഉന്നയിച്ചു. സർക്കാർ സ്‌പോൺസേഡ് ദുരന്തമാണ് നടന്നതെന്ന് എൻസിപിയും ആരോപിച്ചു.

മഹാരാഷ്ട്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷൺ സമ്മാനിക്കുന്ന ചടങ്ങാണ് വൻ ദുരന്തത്തിലേക്ക് എത്തിയത്. പരിപാടിക്കായി ലക്ഷക്കണക്കിന് ജനങ്ങളെത്തിയെങ്കിലും കൊടും ചൂടിൽ സൗകര്യങ്ങളൊന്നും ചെയ്ത് നൽകിയില്ല. രാവിലെ എട്ടരയോടെ എത്തിയ ജനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പരിപാടി കഴിഞ്ഞ് മടങ്ങാനായത്. പ്രസംഗത്തിൽ ചൂട് 42 ഡിഗ്രിയാണെന്ന് പറഞ്ഞ് അമിത് ഷാ ജനങ്ങളെ പ്രശംസിക്കുന്ന വിഡീയോ കോൺഗ്രസ് പങ്കുവച്ചു.

ആശുപത്രിയിൽ രാത്രി തന്നെ എത്തിയ പ്രതിപക്ഷ നേതാക്കളായ ഉദ്ദവ് താക്കറെയും അജിത് പവാറും രൂക്ഷ വിമർശനങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചു. കൊടുംചൂടിൽ പാലിക്കേണ്ട് പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടു. ദുരന്തത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എൻസിപി നേതാവ് സുപ്രിയാ സുലേ വിമർശിച്ചു. ജീവൻറെ വിലയാണോ അഞ്ച് ലക്ഷമെന്ന് സംസ്ഥാന സർക്കാറിനോട് സുലേ ചോദിച്ചു.

Related News